Tuesday, 3 August 2021

വാവുബലി വീട്ടിൽ


കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ അവരവരുടെ സൗകര്യത്തിനനുസരിച്ച് വാവുബലി വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.  വാവിന്റെ തലേദിവസം ഒരിക്കൽ എടുക്കണം. രാവിലെ കുത്തരി വെച്ച് ബലിച്ചോറ് ഉണ്ടാക്കണം.
ബലിച്ചോറ്  വെള്ളം ഊറ്റി കളയാതെ വറ്റിച്ചെടുക്കണം.
ശുദ്ധിയുള്ള സ്ഥലത്ത് നിലവിളക്ക് കൊളുത്തി വച്ച് തെക്കുകിഴക്കു ദിശയിലേക്ക് ഇരുന്ന് വേണം കർമങ്ങൾ ആരംഭിക്കാൻ.
രണ്ടു കൈകളിലും  പുഷ്പം എടുത്തു തൊഴുതു പ്രാർത്ഥിച്ചു 
''ഗംഗേ ച യമുനാ ചൈവ     ഗോദാവരീ സരസ്വതി
 നർമ്മദേ സിന്ധു കാവേരീ
 ജലേ അസ്മിൻ സന്നിധിം കുരു''
എന്നിങ്ങനെ  സപ്ത നദികളെ സങ്കൽപ്പിച്ച്  കിണ്ടിയിലോ /കപ്പിലൊ നിറച്ചു വച്ചിരിക്കുന്ന ജലത്തിലേക്ക് ആവാഹിച്ച്  പുണ്യ തീർത്ഥം ഉണ്ടാക്കണം .അറിയാവുന്നവർക്ക് ദർഭ കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാം. പവിത്രം ധരിച്ചു കർമ്മം ചെയ്യുന്നത് ഉത്തമം . രണ്ടു ദർഭ എടുത്തു രണ്ടു ചാൺ നീളത്തിൽ മൂന്നായി മുറിച്ചു തൂശനിലയിൽ വെക്കണം. പുണ്യ തീർത്ഥം തെളിച്ച് ശുദ്ധി  ചെയ്യുക . വിളക്കിന് അടുത്ത് ഒരു ഇലയിൽ ഗണപതിക്ക് സങ്കൽപിച്ച് അല്പം ചോറ് സമർപ്പിക്കുക. 
അതിനു ശേഷം ചോറ് അഞ്ച് ഉരുളകളായി പ്രാർഥനയോടെ ഇലയിൽ വെച്ച ദർഭക്ക് മുകളിൽ പിതൃക്കളെ സ്മരിച്ച്  സമർപ്പിക്കുക. ബാക്കിയുള്ള ചോറ് കൂടി ഇതിനു മുകളിൽ ഇടുക. പുണ്യതീർത്ഥം തെളിക്കുക. എള്ളും, ചന്ദനവും, ചെറൂളയും എടുത്ത് അതിന്റെ മുകളിൽ പ്രാർത്ഥിച്ച് സമർപ്പിക്കുക . ഗുരുക്കന്മാരെയും ധർമ്മ ദൈവങ്ങളെയും  പ്രാർത്ഥിക്കുക.''ഓം നമോ നാരായണായ'' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. പിതൃക്കൾ വന്ന് ബലി സ്വീകരിച്ചു സന്തോഷിച്ച് അനുഗ്രഹിക്കുന്നതായി സങ്കൽപ്പിച്ച് അരിയിട്ടു നമസ്കരിച്ചു ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുക. ബലിതർപ്പണ ശേഷം  പിതൃക്കളെ സ്വസ്ഥാനങ്ങളിലേക്ക്  തിരിച്ചയക്കുന്നതായും  സങ്കൽപ്പിച്ച് പ്രാർത്ഥിക്കുക. ബലിയിടൽ കഴിഞ്ഞാൽ ബലിച്ചോറ് കാക്കക്ക് നൽകാവുന്നതാണ്. അതിനു സാധിക്കാത്തവർ വലിയ പാത്രത്തിൽ ജലമെടുത്ത് ഗംഗാതീർത്ഥം ആയി സങ്കൽപ്പിച്ച് അതിൽ ചോറു കലക്കി നല്ല വൃക്ഷങ്ങളുടെ/ചെടികളുടെ ചുവട്ടിൽ ഒഴിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
പുലർച്ചെ ബലികർമ്മം ചെയ്യുന്നതാണ് ഉത്തമം.
രാത്രി പിതൃക്കൾക്ക് അകത്ത് വെച്ചു കൊടുക്കൽ  അഥവാ ശ്രാദ്ധമൂട്ട് നടത്താവുന്നതാണ്
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

No comments:

Post a Comment